ഇടുക്കി: മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്.വിദ്യ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശരത് ജി. റാവുവിന്റെ നേതൃത്വത്തില്‍ തീം പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് കൈമാറി നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ് ദിനാചരണ സന്ദേശം നല്കി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വി. രഞ്ജിനി, ഇടുക്കി മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. രാംകുമാര്‍, ഗവ. എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു മാനുവല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.കെ. ഷിജു, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ വി.ആര്. ഷൈലാഭായി, വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി തോമസ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, എന്‍എച്ച്എം ജീവനക്കാര്‍, ജില്ലാ മാനസികാരോഗ്യ വിഭാഗം ജീവനക്കാര്‍, നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍, ഗവ. എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗവ. എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മാനസികാരോഗ്യ ബോധവത്കരണ പോസ്റ്ററും പ്രദര്‍ശിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സൈക്യാട്രിസ്റ്റ് ഡോ. ബബിന്‍ ജെ. തുറയ്ക്കല്‍ സേവനാനുഭവങ്ങള്‍ പങ്കുവച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡിപിന് ജോസഫിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ബോധവത്കരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ ബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ മാനസികാരോഗ്യ അവബോധം വര്‍ധിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുറയ്ക്കുക, ആവശ്യമായ സമയത്ത് സഹായം തേടുന്നതിനുള്ള മനോഭാവം വളര്‍ത്തുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
കാമ്പയിനു മുന്നോടിയായി ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫിസര്‍ ഡോ. വി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍, ആര്‍ബിഎസ്കെ നഴ്സുമാര്‍, അഡോളസന്റ് സ്കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.